This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൈകൊട്ടിക്കളിയും പാട്ടുകളും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൈകൊട്ടിക്കളിയും പാട്ടുകളും

കേരളത്തിലെ ഒരു നാടന്‍ സമൂഹനൃത്തവും അതിന്റെ സാഹിത്യസഞ്ചയവും. ഈ കലാരൂപം കേരളത്തിലെ അമ്പലപ്പറമ്പുകളിലും കോവിലകങ്ങളിലും കൊട്ടാരങ്ങളിലും, തറവാടുകളിലും പതിവായി അരങ്ങേറിവന്നിരുന്നു. കേരളീയത്വത്തിന്റെ നൈസര്‍ഗികസൌന്ദര്യം ഭാവത്തിലും രൂപത്തിലും നിറഞ്ഞുനില്ക്കുന്ന ഒരു കലാരൂപമാണിത്. വിശേഷാവസരങ്ങളില്‍ കേരളത്തിലെ സ്ത്രീകള്‍ സംഘം ചേര്‍ന്ന് നിലവിളക്കിനു ചുറ്റും ലാസ്യരീതിയില്‍ ചുവടുവച്ച്, കൈകൊട്ടി, വട്ടത്തില്‍ ചുറ്റി പുരാണകഥാഗാനം പാടിക്കൊണ്ട് കളിക്കുക എന്നതാണ് ഇതിന്റെ സമ്പ്രദായം. കേരളാംഗനയുടെ തനിവേഷത്തില്‍ പുടവയും കവിണിയും ധരിച്ച്, നാഗഫണധമ്മില്ലവും കെട്ടി, ചാന്തുമണിഞ്ഞ്, പൂവുംചൂടി ലളിതകാന്ത പദാവലികളാലുള്ള ഗാനങ്ങള്‍ പാടിക്കളിക്കുന്നത് മനോഹരമായ ഒരു കലാസൃഷ്ടിയാണ്. ഒരേതരത്തിലുള്ള വേഷവും ചലനവും കൈകൊട്ടിക്കളിക്ക് അനിര്‍വചനീയമായ ആസ്വാദ്യത പകരുന്നു.

മഹിളകളുടെ ശാസ്ത്രീയവും മഹനീയവുമായ നൃത്ത കലാരൂപങ്ങളാണ് ഭരതനാട്യവും മോഹിനിയാട്ടവും. അവരുടെ നാടന്‍ കലാരൂപമായിട്ടാണ് 'പെണ്ണുകളി'യായ കൈകൊട്ടിക്കളി നാടുനീളേ പ്രചരിച്ചിട്ടുള്ളത്. ശാസ്ത്രീയകലകള്‍ക്ക് നീണ്ടനാളത്തെ അധ്യയനവും അഭ്യാസവും ആവശ്യമാണ്. നാടന്‍കലകള്‍ക്ക് അവ ആവശ്യമില്ല. കുറഞ്ഞൊരു ക്ളേശവും ശ്രമവുംകൊണ്ട് ഈ നാടന്‍കല സ്വായത്തമാക്കാന്‍ കഴിയും. അഭിനയാംശമോ മുദ്രക്കൈകളോ ഈ നാടന്‍കലയില്‍ കാണുന്നില്ല. വിളംബമധ്യദ്രുതലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കല അനായാസമായി അഭ്യസിക്കാവുന്നതുമാണ്. ഒരു കാലത്ത് കേരളക്കരയിലെ ഒട്ടുമിക്ക തരുണികളും അഭ്യസിച്ചിരുന്ന കലയാണ് കൈകൊട്ടിക്കളി. മെയ്വഴക്കത്തിനും വ്യായാമത്തിനും കൂടി സഹായകമായ ഈ മാനസോല്ലാസകല മിക്കവാറും എല്ലാ അന്തഃപുരവാസികളായ യുവതികളും തറവാട്ടുമുറ്റത്തും ക്ഷേത്രാങ്കണങ്ങളിലും കളിച്ചുവന്നിരുന്നു. അനുഷ്ഠാനപരമായ ഈശ്വരാരാധാന കൂടി ഉള്‍ക്കൊണ്ടപ്പോള്‍ അതിന് അംഗീകാരവും മഹത്ത്വവും കൈവന്നു. കളരിപ്പയറ്റ്, വേലകളി, പരിചകളി, ഐവര്‍കളി, കമ്പടികളി തുടങ്ങിയ ആയോധന കലകള്‍ പുരുഷന്മാരുടെ വ്യായാമമായി പ്രചാരം നേടിയപ്പോള്‍ കൈകൊട്ടിക്കളി കേരളമഹിളകളുടെ വ്യായാമകലയായി വളര്‍ന്നുപ്രചരിച്ചു. അങ്ങനെ കൈകൊട്ടിക്കളി സ്ത്രീകളുടെ ആയോധനകലയും അനുഷ്ഠാനകലയും ഒപ്പം മാനസോല്ലാസകലയും ആയിത്തീര്‍ന്നതോടെ കേരളമൊട്ടുക്ക് ഇതിനു പ്രചാരവും പ്രസിദ്ധിയും ലഭിച്ചു.

ഈ കലാരൂപത്തിന് അനേകം നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ചിലപ്പതികാരത്തിലും മറ്റും പ്രതിപാദിച്ചിട്ടുള്ള ചില സ്ത്രീനൃത്തങ്ങളുമായി ഈ കലാരൂപത്തിനു ബന്ധമുണ്ട്. തമിഴ്നാട്ടില്‍ പ്രചാരത്തിലുള്ള കുമ്മിയിലും കോലാട്ടത്തിലും കൈകൊട്ടിക്കളിയുടെ അംശങ്ങള്‍ ദൃശ്യമാണ്.

കൈകൊട്ടിക്കളി

കൈകൊട്ടിക്കളിയെക്കുറിച്ച് മഹാകവി ഉള്ളൂര്‍ ഇങ്ങനെ പറയുന്നു: 'കൈകൊട്ടിക്കളിപ്പാട്ടുകളെന്നും തിരുവാതിരപ്പാട്ടുകളെന്നും' പറയുന്ന ഗാനങ്ങളെ ഭാഷാസാഹിത്യത്തിന്റെ ഒരു പ്രത്യേക വിഭാഗമായി പരിഗണിക്കേണ്ടതാകുന്നു. തിരുവാതിരക്കളി ലാസ്യം എന്ന അഭിനയ ശാഖയില്‍ ഉള്‍പ്പെടുന്നു. തീവ്രമായ തപോനിയമം അനുഷ്ഠിച്ചുകൊണ്ടിരുന്ന പാര്‍വതീദേവിക്ക് ആ തപസ്സിന്റെ ഫലമായി ശ്രീപരമേശ്വരന്‍ പ്രത്യക്ഷീഭവിച്ച് തന്റെ പത്നിയാക്കിക്കൊള്ളാമെന്നു വരദാനം ചെയ്തത് ധനുമാസത്തിലെ തിരുവാതിരനാളിലാണ്. ആ ദിവസത്തെ അവിവാഹിതകളായ കന്യകമാര്‍ ഭക്തിപൂര്‍വം ആഘോഷിക്കുന്നതിന്റെ ഒരു ചടങ്ങാണ് തിരുവാതിരക്കളി. ധനുമാസത്തിലെ തിരുവാതിരക്കളിക്ക് ഏഴുദിവസം മുമ്പ് അവര്‍ പാര്‍വതീദേവിയെ പാട്ടുകള്‍ പാടി ആരാധിച്ചു നൃത്തം വയ്ക്കുകയും തിരുവാതിരനാളില്‍ നോയ്മ്പുനോറ്റ് രാത്രിമുഴുവന്‍ അത്തരത്തിലുള്ള ഉപാസനാപരിപാടി അനുഷ്ഠിക്കുകയും ചെയ്യുന്നു. നൃത്തരൂപമാണ് പ്രസ്തുത ലാസ്യം. അതുകൊണ്ട് ആ അവസരത്തില്‍ ഉപയോഗിക്കുന്ന പാട്ടുകളും താളപ്രധാനങ്ങളാണ്. തിരുവാതിരനാള്‍ അര്‍ധരാത്രിയോടുകൂടി കന്യകമാര്‍ ശുഭ്രവസ്ത്രങ്ങള്‍ ധരിച്ച് പാതിരാപ്പൂ ചൂടി 'പുലവൃത്തം' പാടിക്കളിക്കുകയും മറ്റും ചെയ്യുന്ന പതിവ് പണ്ടത്തെക്കാലത്ത് സര്‍വസാധാരണമായിരുന്നു. നവീനപരിഷ്കാരത്തിന്റെ കൂലങ്കഷമായ പ്രവാഹത്തില്‍ ആ പതിവ് ഓണംകേറാമൂലകളില്‍പ്പോലും നാമാവശേഷമായിട്ടുണ്ട്. ആ വ്രതത്തിന്റെ ഫലം അനുരൂപമായ ദാമ്പത്യമാണെന്നു ഇന്ന് ആരും വിശ്വസിക്കുന്നില്ല. പണ്ടു കുലീനതയും കുബേരതയും തികഞ്ഞ കുടുംബങ്ങളില്‍പ്പോലും അനുഷ്ഠിച്ചുവന്നിരുന്ന ആ ദൈവാരാധനാപദ്ധതിക്ക് ഇന്ന് ചില പെണ്‍പള്ളിക്കൂടങ്ങള്‍ മാത്രം വല്ലപ്പോഴുമൊരിക്കല്‍ അഭയസ്ഥാനങ്ങളാകാറുണ്ട്. ഇത് പുനരുജ്ജീവിപ്പിക്കേണ്ട ഒരു കേരളീയ കലയാണെന്നും ഇതിന് ആത്മീയവും മാനസികവും എന്നതുപോലെ ശാരീരികവും ആയ പ്രയോജനമുണ്ടെന്നും ചിന്താശീലന്മാര്‍ക്ക് നിരീക്ഷിക്കുവാന്‍ പ്രയാസമില്ല. വളരെക്കാലംമുമ്പ് മുതല്ക്കുതന്നെ കൈകൊട്ടിക്കളിപ്പാട്ടുകള്‍ ഓരോരുത്തര്‍ നിര്‍മിച്ചിരിക്കാമെങ്കിലും കുഞ്ചന്‍നമ്പ്യാരുടെ 'രുക്മിണീസ്വയംവര'ത്തിനു മുമ്പുള്ള പാട്ടുകളൊന്നും തന്നെ കണ്ടുകിട്ടിയിട്ടില്ല (കേ.സാ.ച. വാല്യം 3).

സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ എന്ന ഗ്രന്ഥത്തില്‍ എസ്. ഗുപ്തന്‍നായര്‍ ഈ കലയെക്കുറിച്ച് നല്കുന്ന വിവരണം: "കഥകളിപ്പാട്ടുകളിലൂടെ മാത്രം പുലര്‍ന്നുപോന്ന ഒന്നാണ് കേരളീയ സംഗീതപാരമ്പര്യം എന്നാണല്ലോ പരക്കെയുള്ള ധാരണ. എന്നാല്‍ ആ കഥകളിപ്പാട്ടുകളെക്കാള്‍ അധികം ജനസാമാന്യത്തിന്റെ ഇടയിലേക്കു കടന്നുവന്നിട്ടുള്ള ഒരു ഗാനകലാപ്രസ്ഥാനമാണ് തിരുവാതിരപ്പാട്ടുകള്‍. കുളിരുന്ന മഞ്ഞുകാലത്തെ കൂസാതെ വെളുപ്പാന്‍ കാലത്ത് എഴുന്നേറ്റ് നെഞ്ചറ്റം വെള്ളത്തിലിറങ്ങിനിന്ന് നീന്തിത്തുടിക്കുകയും പകലൊക്കെ പാടിക്കളിക്കുകയും ചെയ്യുന്നതിന്റെ വിനോദാംശം ഒരു വശത്തും അനുകൂലമായ ദാമ്പത്യത്തിനുവേണ്ടിയുള്ള വ്രതദീക്ഷയും ഈശ്വരഭജനയും മറുവശത്തും ഒരുപോലെ താങ്ങിവളര്‍ത്തിയതാണ് നമ്മുടെ തിരുവാതിര ഉത്സവം. ഇന്ന് അതിന്റെ ചിട്ടയും ചടങ്ങും മിക്കവാറും അസ്തമിച്ചിരിക്കുന്നു. പക്ഷേ പാട്ടും കളിയും ഇനിയും ബാക്കിയുണ്ട്. ആ പാട്ടുകള്‍ ചിലപ്പോള്‍ നവീനവര്‍ണമട്ടുകളായിട്ടും കളികള്‍ ഡാന്‍സ് ആയിട്ടും മാറാറുണ്ടെന്നേ ഉള്ളൂ. കേരളീയ സ്ത്രീകളുടെ ഈ മാരമഹോത്സവത്തിനുവേണ്ടി ഒരു കാലത്ത് ഒട്ടേറെ സാഹിത്യം ഉണ്ടായി. പ്രശസ്തന്മാരും അപ്രശസ്തന്മാരും കവിയശഃപ്രാര്‍ഥികളും എല്ലാം ഈ പ്രസ്ഥാനത്തില്‍ പയറ്റിനോക്കിയിട്ടുണ്ട്.

ശബ്ദതാരാവലിയില്‍ കൈകൊട്ടിക്കളിക്ക്, 'തിരുവാതിരക്കളി, പാട്ടുപാടി താളം പിടിച്ചുള്ളകളി' (സ്ത്രീകളുടെ ഒരു വിനോദം) എന്നും, തിരുവാതിരയ്ക്ക് 'ഉല്ലാസപ്രദമായ ഒരു ഉത്സവദിവസം, ബാലഗോപാലനെ ഭര്‍ത്താവായി ലഭിക്കാന്‍ വേണ്ടി ഗോപസ്ത്രീകള്‍ കാര്‍ത്ത്യായനീപൂജ നടത്തിയ ദിവസം, കുമാരസംഭവത്തിനുമുമ്പ് കാമദേവന്‍ ദഹിച്ചപ്പോള്‍ വിലാപം തുടങ്ങിയ രതിക്ക് 'ഭര്‍ത്തൃസമാഗമം അചിരേണ ഉണ്ടാകട്ടെ' എന്ന് ശ്രീപാര്‍വതി 'വരം കൊടുത്ത ദിവസം' എന്നും വിവരണം നല്കിക്കാണുന്നു.

വിനോദത്തിനും ഈശ്വരഭജനയ്ക്കും ഇണങ്ങിയ രീതിയില്‍ കൈകൊട്ടിക്കളിക്കുവേണ്ടി നാട്ടാശാന്മാര്‍ രചിച്ച ധാരാളം പാട്ടുകള്‍ പ്രചാരത്തിലുണ്ട്. ഈ ദൃശ്യശ്രാവ്യകല ഉത്തരകേരളത്തില്‍ കൈകൊട്ടിക്കളിയെന്ന പേരിലും ദക്ഷിണകേരളത്തില്‍ തിരുവാതിരക്കളിയെന്ന പേരിലുമാണ് സാധാരണയായി അറിയപ്പെടുന്നത്; ഇതിനുള്ള പാട്ടുകള്‍ കൈകൊട്ടിക്കളിപ്പാട്ടുകള്‍ അല്ലെങ്കില്‍ തിരുവാതിരപ്പാട്ടുകള്‍ എന്നും.

കൈകൊട്ടിക്കളിയുടെ പര്യായമാണ് തിരുവാതിരക്കളി എന്ന അഭിപ്രായത്തിനു പ്രചാരം സിദ്ധിച്ചിട്ടുണ്ടെങ്കിലും ഇവ രണ്ടും ഒന്നാണോ എന്നു ചിന്തിക്കുന്നത് അനുചിതമാകയില്ല. രണ്ടു പേരുകളില്‍ അറിയപ്പെടുന്ന ഈ കലാരൂപം ഒന്നാണെങ്കില്‍ എങ്ങനെ ഈ രണ്ടുപേരുകള്‍ രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ നിലവില്‍വന്നു എന്ന കാര്യവും ആരായേണ്ടതുണ്ട്. ഈ കളിയുടെ രണ്ടു പ്രധാന വശങ്ങളെ ആസ്പദമാക്കിയാണ് ഈ രണ്ടുപേരുകളും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളതെന്നു സൂക്ഷ്മനിരീക്ഷണത്തില്‍ വ്യക്തമാകുന്നതാണ്. ഉത്തരകേരളത്തില്‍ ഈ കളിയുടെ അഭിനയരീതിയെ അടിസ്ഥാനപ്പെടുത്തിയാണ് കൈകൊട്ടിക്കളി എന്ന പേരുണ്ടായത്. ദക്ഷിണ കേരളത്തിലാകട്ടെ, ഇതിലടങ്ങിയിരിക്കുന്ന അനുഷ്ഠാനപരവും ദേവതാപരവുമായ പ്രാധാന്യത്തെ പരിഗണിച്ച് തിരുവാതിരക്കളി എന്ന പേരു നല്കുകയുണ്ടായി. വടക്ക്, കളിയുടെ ക്രിയാംശത്തിനു മുന്‍തൂക്കം കൊടുത്തുകൊണ്ടും തെക്ക്, കളിയുടെ ഫലാംശത്തിനു പ്രാധാന്യം നല്കിക്കൊണ്ടും വ്യത്യസ്തമായ പേരുകളിട്ടു എന്നതാണ് വാസ്തവം. തിരുവാതിരദിനം ദേവതാരാധനയ്ക്കുവേണ്ടി കൈകൊട്ടിക്കൊണ്ട് തരുണിമാര്‍ കളിച്ചുവന്ന ഈ കളിക്ക് കൈകൊട്ടിക്കളി എന്നും തിരുവാതിരക്കളി എന്നും പേരുകളുണ്ടായി. മിക്ക നാടന്‍കലകള്‍ക്കും ദേവതാപരമായ പരിവേഷം ചാര്‍ത്തുന്ന സമ്പ്രദായം കാണാവുന്നതാണ്. ആളുകളില്‍ പ്രീതിയും വിശ്വാസവും ജനിപ്പിക്കുന്നതിനുവേണ്ടി സ്വീകരിച്ചിരുന്ന ഈ പാരമ്പര്യനയം തിരുവാതിരക്കളിയിലും കാണുന്നു എന്നേയുള്ളൂ. കൈകൊട്ടിക്കളി ശ്രീപാര്‍വതിയെ സംബന്ധിക്കുന്ന ഒരു കളിയാണെന്ന വിശ്വാസത്തിനും പ്രസിദ്ധി സിദ്ധിച്ചിട്ടുണ്ട്. ധനുമാസത്തിലെ മകയിരം നാളില്‍ സന്ധ്യയ്ക്ക് 'എട്ടങ്ങാടി' നിവേദിച്ചു ഭക്ഷിച്ചതിനുശേഷമാണ് യുവതികള്‍ തിരുവാതിരക്കളിയില്‍ ഏര്‍പ്പെട്ടിരുന്നത്. ചേന, ചേമ്പ്, കാച്ചില്‍, ചെറുകിഴങ്ങ്, കൂര്‍ക്ക (ചീവക്കിഴങ്ങ്), നാളികേരം, പയറ്, നേന്ത്രക്കായ് എന്നീ എട്ടുകൂട്ടം ചേര്‍ത്തുണ്ടാക്കിയ പുഴുക്കാണ് 'എട്ടങ്ങാടി'. കിരാതിയായ പാര്‍വതിദേവിക്ക് പ്രിയങ്കരമായ നിവേദ്യമാണിതെന്നു വിശ്വസിച്ചുപോരുന്നു.

ധനുമാസത്തിലെ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി നടത്തിവരുന്ന കൈകൊട്ടിക്കളിയെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. സതീവിയോഗവിധുരനായി തപസ്സിലേര്‍പ്പെട്ടിരുന്ന ശിവനെ പര്‍വതരാജപുത്രിയായ പാര്‍വതിയില്‍ അനുരക്തനാക്കുവാന്‍ നിയുക്തനായ കാമദേവന്‍ ശിവകോപാഗ്നിയില്‍ ചാമ്പലായത് ധനുമാസത്തിലെ തിരുവാതിരനാളിലാണെന്നും ഭര്‍ത്തൃവിയോഗാര്‍ത്തയായ രതീദേവി അന്നു രാത്രിമുഴുവന്‍ മാറത്തടിച്ചു ശിവഗീതപാടി ശിവഭജനം നടത്തിയെന്നും തത്ഫലമായി ശിവപ്രീതിനേടി അനംഗനായ പ്രിയനോടൊത്തു ചേര്‍ന്നുവെന്നും പുരാണങ്ങളില്‍ പ്രസ്താവിച്ചുകാണുന്നു. ഊണും ഉറക്കവുമില്ലാതെയുള്ള കൈകൊട്ടിക്കളിയും പാട്ടും രതിയുടെ മാറത്തടിയും ശിവസ്തുതിഗീതങ്ങളെയും സൂചിപ്പിക്കുന്നതാണെന്നാണ് ചിലരുടെ വിശ്വാസം. തിരുവാതിരവ്രതം പാര്‍വതീപൂജയോടുകൂടി അനുഷ്ഠിക്കുന്നതിന്റെ കാരണമിതാണ്. ഗോപസ്ത്രീകളുടെ കാര്‍ത്ത്യായനീവ്രതമാണ് തിരുവാതിരവ്രതത്തിനാധാരമെന്നൊരുമതവും പ്രചാരത്തിലുണ്ട്. തിരുവാതിര മഹോത്സവാംഗമായ കൈകൊട്ടിക്കളിക്കു പാടുന്ന പാട്ട് ശിവസ്തുതിപരമാണെന്നതാണ് മറ്റൊരു സവിശേഷത. 'ബന്ധുരാംഗിമാരേ വരുവിന്‍, തിരുവാതിരശീലുകള്‍ പാടിക്കളിക്കുവാന്‍' എന്ന ആഹ്വാനത്തോടെയാണ് കളി ആരംഭിക്കുന്നത്. തിരുവോണത്തോടനുബന്ധിച്ചും കൈകൊട്ടിക്കളി നടത്താറുണ്ട്. ആ കളിക്കുപാടുന്ന പാട്ടുകള്‍ മറ്റു പുരാണകഥാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.

കൈകള്‍ കൊട്ടിക്കൊണ്ടുള്ള കളിയായി അരങ്ങേറിയ ഈ കളിയുടെ ക്രിയാംശ (വ്യാപാര) ത്തിനു കാലോചിതമായ വികാസപരിണാമങ്ങള്‍ വന്നുചേര്‍ന്നു. ഇന്ന് കൈകൊട്ടിക്കളി എന്ന പേരിനു അവ്യാപ്തിദോഷം വന്നുപെട്ടിരിക്കുന്നു. കൈക്കുപകരം താളം, താലം, കോല്, ചരട് മുതലായവ ഉപയോഗിച്ചുള്ള കളികളും ഇന്നുണ്ട്. ഇവ ഉപയോഗിച്ചുള്ള കളിയും കൈകൊട്ടിക്കളി എന്ന പേരിലാണ് അറിയപ്പെടുന്നത്. കൈകൊട്ടിക്കളിയായി ആരംഭിച്ച ഈ നാടന്‍കല ഇന്നു താലക്കളി, താളക്കളി, കോലാട്ടക്കളി, ചരടുപിന്നിക്കളി എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ പടര്‍ന്നുപന്തലിച്ചുകഴിഞ്ഞിട്ടുണ്ട്.

മണവാളക്കുറിച്ചി ത്രിവിക്രമന്‍തമ്പി രചിച്ച തിരുവാതിരപ്പാട്ടുകള്‍ എന്ന ഗ്രന്ഥത്തില്‍ തിരുവാതിരക്കളിക്ക് ഒമ്പത് ഉള്‍പ്പിരിവുകള്‍ പറഞ്ഞിരിക്കുന്നു. (1) വട്ടത്തില്‍ ചുവടുവച്ച് കൈകൊട്ടി താളം പിടിച്ചുകളിക്കുക; (2) നിറം പിടിപ്പിച്ച കോലാട്ടക്കമ്പുകള്‍ തമ്മില്‍ കൊട്ടുകയും അതിനൊത്തു ഇളകിച്ചാടിക്കളിക്കുകയും ചെയ്യുക, കോലാട്ടക്കമ്പുകള്‍ ഓരോരുത്തരും ഒന്നുവീതം ധരിച്ചും ചിലപ്പോള്‍ ഇരുകൈകളിലും ഓരോന്നുവീതം ധരിച്ചു കളിക്കാര്‍ പരസ്പരം കൊട്ടിയും സ്വയം കൊട്ടിയും കളിക്കുക (ഇതിനു കമ്പടികളിക്കും സാമ്യമുണ്ട്); (3) കോലാട്ടക്കമ്പുകള്‍ക്കു പകരം കൈമണി (ചെറിയ ഇലത്താളം) ഉപയോഗിച്ചുകളിക്കുക; (4) കൈപ്പത്തിയില്‍ ലോഹത്താലം വച്ചു കളിക്കുക, കൈപ്പത്തിയില്‍ താലംവച്ചുകൈകാല്‍ ഇളക്കി താളത്തിലെ വിസ്തൃതതലത്തില്‍നിന്നും പ്രകാശരശ്മികള്‍ പ്രേക്ഷകരുടെ ദൃഷ്ടിയില്‍ വീഴത്തക്കവണ്ണം കളിക്കുക (കോലാട്ടക്കമ്പുകള്‍ പോലെ താലം ഒന്നോ രണ്ടോ ആകാം); (5) ചരടു പിന്നിക്കളിക്കുക അല്ലെങ്കില്‍ ചരടുമുറുക്കി കളിക്കുക, (കളിക്കാരുടെ എണ്ണമനുസരിച്ച് ചരടുകള്‍ ഉണ്ടായിരിക്കും. അവയുടെ ഒരറ്റം പന്തലിന്റെ കഴുക്കോലില്‍ അഥവാ മരക്കൊമ്പില്‍ കെട്ടിയിരിക്കും; ചരടുകളുടെ മറ്റേ അറ്റം കളിക്കാരുടെ കൈകളിലും. താളത്തിനൊത്തു കളിക്കുമ്പോള്‍ ചരടുകള്‍ പല രീതിയില്‍ പിണഞ്ഞ് ഒറ്റച്ചരടാകുന്നു. കളിതീരുമ്പോള്‍ വീണ്ടും ചരടുകളായി പിരിഞ്ഞ് പഴയ രീതിയിലാകുന്നു.); (6) ശിരസ്സില്‍ മൊന്ത (ചെറിയ കുടം) വച്ചുകളിക്കുക, (മൊന്ത ഒന്നോ രണ്ടോ അതിലധികമോ ആകാം); (7) ശിരസ്സില്‍ മൊന്തയും കൈകളില്‍ താലവും വച്ചു കളിക്കുക; (8) ശിരസ്സില്‍ മൊന്തയും കൈകളില്‍ കോലാട്ടക്കമ്പുകളും വച്ചുകളിക്കുക; (9) ഒരു കുട്ടി ശ്രീകൃഷ്ണനായും മറ്റു കുട്ടികള്‍ ഗോപികമാരായും ഭാവിച്ച് വട്ടത്തില്‍ച്ചുറ്റി ചുവടുവച്ച് കളിക്കുക എന്നിവയാണ് പ്രധാനപ്പെട്ട ഒമ്പതുരീതികള്‍.

മേല്പറഞ്ഞ ഒമ്പതുരീതികളില്‍ ആദ്യത്തേതും അവസാനത്തേതും ഒഴികെ ബാക്കിയുള്ളവ കൈകൊട്ടിമാത്രം കളിക്കുന്നവയല്ലെന്നു വ്യക്തമാണ്. ഇവിടെ കൈകൊട്ടിക്കളിയുടെ നിര്‍വചനത്തിന് അവ്യാപ്തി കല്പിച്ച് സമാനമായ മറ്റു കളികളും (അതായത് കോലും താലവും താളവും കയറും മറ്റും ഉപയോഗിച്ചുള്ളവ) ഉള്‍പ്പെടുത്തി, എല്ലാറ്റിനെയും ചേര്‍ത്തു കൈകൊട്ടിക്കളിയെന്നോ തിരുവാതിരക്കളിയെന്നോ പറഞ്ഞുതുടങ്ങിയിരിക്കുന്നു. കൈകൊട്ടിക്കളിയുടെ കേവലം പര്യായമായി തിരുവാതിരക്കളിയെ അംഗീകരിക്കാം. അല്ലെങ്കില്‍ കൈകൊട്ടിയുള്ള കളിയെ മാത്രം കൈകൊട്ടിക്കളിയെന്നും മറ്റുള്ളവയെ തിരുവാതിരക്കളിയെന്നും പിരിക്കാവുന്നതാണ്.

കൈകൊട്ടിക്കളിപ്പാട്ടുകള്‍. കൈകൊട്ടിക്കളിപ്പാട്ടുകളെക്കുറിച്ച് ഉള്ളൂര്‍ പറയുന്നത് ശ്രദ്ധേയമാണ്. കൊല്ലവര്‍ഷം 10-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ഉണ്ടായിട്ടുള്ള കൈകൊട്ടിക്കളിപ്പാട്ടുകള്‍ക്കു സംഖ്യയില്ല. പറയത്തക്കവ്യുത്പത്തിദാര്‍ഢ്യമോ വാസനാസമ്പത്തോ ഇല്ലാത്തവര്‍ക്കും ലളിതമായ ഭാഷയില്‍ എഴുതാവുന്ന ചെറിയ ചെറിയ ഗാനങ്ങളാണല്ലോ ഇവ. അതുകൊണ്ട് മറ്റു യാതൊരു കൃതിയും രചിക്കുവാന്‍ കഴിയാത്ത പലരും ഈ സുഗമമായ മാര്‍ഗത്തില്‍ സഞ്ചരിച്ചിട്ടുണ്ട്. പ്രണേതാക്കളുടെ സിദ്ധികളനുസരിച്ച് ഇവയില്‍ ഉച്ചനീചത്വങ്ങള്‍ ഭാവുകന്മാര്‍ക്ക് കാണാവുന്നതാണ് (കേ. സാ. ച. വാല്യം 3). ഉള്ളൂര്‍ തന്നെ പറഞ്ഞിട്ടുള്ള കൈകൊട്ടിക്കളിപ്പാട്ടുകളുടെ പേരുകള്‍ മാത്രം ഇവിടെ സൂചിപ്പിക്കാം. മാര്‍ക്കണ്ഡേയപുരാണം (നാലുവൃത്തം), വൈശാഖമാഹാത്മ്യം (പതിനൊന്നുവൃത്തം), ദക്ഷയാഗം (പതിനെട്ടുവൃത്തം), പാര്‍വതീസ്വയംവരം (എട്ടുവൃത്തം), സുബ്രഹ്മണ്യോത്പത്തി, കാളീചരിതം (എട്ടുവൃത്തം), അജാമിളമോക്ഷം (നാലുവൃത്തം), അമൃതമഥനം (പതിനാലുവൃത്തം), അമൃതമഥനം (മറ്റൊന്ന്), ലക്ഷ്മീസ്വയംവരം (മൂന്നുവൃത്തം), രഘുസംഭവം (പന്ത്രണ്ടുവൃത്തം), അഹല്യാമോക്ഷം (ഏഴുവൃത്തം), ഖരവധം (പതിനൊന്നുവൃത്തം), ധ്രുവചരിതം (എട്ടുവൃത്തം), പൂതനാമോക്ഷം (എട്ടുവൃത്തം), കാളിയമര്‍ദനം (ഇരുപത്തിമൂന്നുവൃത്തം), ഗോപികാവസ്ത്രാപഹരണം, രാസക്രീഡ (ആറുവൃത്തം), ശംബരകഥ, കുചേലവൃത്തം (എട്ടുവൃത്തം), സന്താനഗോപാലം (പതിമൂന്നുവൃത്തം), ഭാമാസാന്ത്വനം (രണ്ടുവൃത്തം), രാമാനുചരിതം, തുളസീമാഹാത്മ്യം (ആറുവൃത്തം), രാജസൂയം (പത്തുവൃത്തം), സുഭദ്രാഹരണം (പതിനാലുവൃത്തം), അക്ഷയപാത്രം (രണ്ടുവൃത്തം), കിരാതം (എട്ടുവൃത്തം), കല്യാണസൗഗന്ധികം, കീചകവധം (രണ്ടുവൃത്തം), ശിവകഥ (നാലുവൃത്തം) എന്നിവ കൂടാതെ പരിഹാസകവനമായ പൂച്ചചരിതം (മൂന്നുവൃത്തം), കോക്രീത്തത്തയുടെ കഥ എന്നിവയും കൈകൊട്ടിക്കളിപ്പാട്ടുകള്‍ എന്ന സാഹിത്യവിഭാഗത്തില്‍ കാണപ്പെടുന്നു.

മൊന്തയും കോലും കൊണ്ടുള്ള കളി

'കാലം പോരാ സകലം പറവാ'നെന്നു പറഞ്ഞ് ഉള്ളൂര്‍ മേല്പറഞ്ഞ പാട്ടുകളുടെ പേരും ഓരോന്നിനും മാതൃകയ്ക്ക് ഏതാനും വരികളും മാത്രമേ ഉദ്ധരിച്ചിട്ടുള്ളൂ. ജനകീയപുരാണം അഥവാ 'ഫോക്എപ്പിക്' എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് കൈകൊട്ടിക്കളിപ്പാട്ടുകള്‍. ഈ പാട്ടുകള്‍ മുഴുവന്‍ ശേഖരിക്കേണ്ടത് അത്യാവശ്യമാണ്. ഹൈന്ദവപുരാണകഥകളെ ആധാരമാക്കി രചിക്കപ്പെട്ട ജനകീയപുരാണങ്ങള്‍ കേരളത്തിലുണ്ടായിരുന്നുവെന്നതിന് ആ കൈകൊട്ടിക്കളിപ്പാട്ടുകള്‍ സാക്ഷ്യം വഹിക്കുന്നു. പല പാട്ടുകളും തത്തയെക്കൊണ്ട് പാടിപ്പിച്ചിരിക്കുന്നു. പൂന്താനത്തെയും മേല്പുത്തൂരിനെയും കുഞ്ചനെയും ഉണ്ണായിയെയും വെണ്‍മണിയെയും അനുകരിച്ചിട്ടുള്ള കവികളും വളരെയുണ്ട്. എന്നാല്‍ പേരെടുത്ത് പറയേണ്ട കൈകൊട്ടിക്കളി ഗാനരചയിതാക്കളും ചിലരുണ്ട്. അവരില്‍ മച്ചാട്ടിളയതും കോട്ടൂര്‍ നമ്പിയാരും, അരൂര്‍ മാധവനടിതിരിയും പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു.

ശക്തന്‍തമ്പുരാന്റെ ദ്വിതീയപത്നിയായ കരിമ്പറ്റ ചിമ്മുക്കുട്ടി നേത്യാരമ്മ കൈകൊട്ടിക്കളിയില്‍ അനന്യ സാധാരണമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നു. അവരുടെ പ്രേരണമൂലമാണ് മച്ചാട്ടിളയത് ശാകുന്തളം (എട്ടുവൃത്തം) രചിച്ചതെന്നു കേള്‍വിയുണ്ട്. ഇളയതിന്റെ തന്നെ പാര്‍വതീസ്വയംവരം (പന്ത്രണ്ടുവൃത്തം), പാര്‍വതീസ്വയംവരം (നാലുവൃത്തം), അംബരീഷചരിതം അഥവാ ഏകാദശീ മാഹാത്മ്യം (പന്ത്രണ്ടുവൃത്തം), ഗജേന്ദ്രമോക്ഷം (നാലുവൃത്തം), ലക്ഷണാസ്വയംവരം (എട്ടുവൃത്തം), സീതാസ്വയംവരം (നാലുവൃത്തം), വൃകാസുരവധം (രണ്ടുവൃത്തം), കല്യാണസൌഗന്ധികം (രണ്ടുവൃത്തം), സുഭദ്രാഹരണം (രണ്ടുവൃത്തം), അമൃതമഥനം എന്നീ ഇതര കൈകൊട്ടിക്കളിപ്പാട്ടുകളും പ്രസിദ്ധങ്ങളാണ്.

കൈകൊട്ടിക്കളിപ്പാട്ടിലെ ഭാഷ വളരെ ലളിതവും സുന്ദരവുമാണ്. മാതൃകയ്ക്കു മച്ചാട്ടിളയതിന്റെ ശാകുന്തളത്തില്‍നിന്ന് ചില വരികള്‍ ഇവിടെ കൊടുക്കുന്നു:

'ഓടും മൃഗങ്ങളെത്തേടി നരപതി

കാടകം പുക്കൊരു നേരത്തിങ്കല്‍

പേടിച്ചൊരു മൃഗം ചാടിക്കുതിച്ചോടി

കൂടെ നൃപതിയുംകൂടി പിന്‍പേ'

(പളുകന്‍ ഗംഗാധരന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍